നിസ്സാരത

Date: 9/27/2019

By navaneeth

സ്വകാര്യ ശൗചാലയം ഗത്യന്തരമില്ലാതെയാണ് ഞാനും എൻറെ കൂട്ടുകാരും ഉപയോഗിച്ചത്. പൊതുമുതലല്ലാത്തൊരു കാര്യം ഉപയോഗിച്ചതിൽ നന്നേ കുറ്റബോധം ഉണ്ടായതിനാൽ അവിടെ വെച്ച് കണ്ട ആൾക്കു മുന്നിൽ ഞങ്ങളൊന്ന് പരുങ്ങി. അയാൾക്ക് എന്തോ സംശയമായി. പതിയെ ഞങ്ങൾക്കു നേരെ വരാൻ തുടങ്ങി. പിന്നീടൊന്നും ചിന്തിക്കാൻ നിന്നില്ല ഒറ്റ ഓട്ടം. ഞങ്ങൾ മൂന്ന് പേരുണ്ടായിരുന്നു. സ്വാഭാവികമായും അയാൾ പിന്നാലെ ഓടി. ഞങ്ങൾ അയാളെയും അയാൾ ഞങ്ങളേയും ഒരുപാടിട്ടോടിച്ചു. പിന്നെയാണ് ശ്രദ്ധിച്ചത്, ഞങ്ങളെ പിന്തുടരുന്നവരുടെ എണ്ണം കൂടുന്നത്. ഇടക്കിടക്ക് അവർ കള്ളൻ എന്ന് ഉറക്കെ വിളിച്ചു പറയുന്നതും ഞാനപ്പൊഴാണ് ശ്രദ്ധിക്കുന്നത്. സംഗതി കയ്യിന്ന് പോയെന്ന് വ്യക്തമായി. ഞങ്ങളെ കള്ളൻമാരായി തെറ്റിദ്ധരിച്ചിരിക്കുന്നു. ഓടിച്ച് അവർ ഞങ്ങളെ ഓരാൾകൂട്ടത്തിലേക്ക് കയറ്റി. ഷർട്ട് ഊരി ഞങ്ങളെ വരിയായി നിർത്തി. ഞങ്ങൾക്കു മുന്നേ കുറച്ചു പേരെയും ആ വരിയിൽ കണ്ടു. ആ വരി നടന്ന് ചെല്ലുന്നത് പുതപ്പിച്ച് കിടത്തിയ ഒരു മൃതദേഹത്തിനടുത്തേക്കാണ് എന്നെനിക്ക് തോന്നി. ഒരു പക്ഷേ മൃതദേഹം വണങ്ങി മാപ്പ് തന്നു വിടാനായിരിക്കുമോ? എങ്കിൽ ആരായിരിക്കും ആ മനുഷ്യൻ?