Date: 9/23/2019
By navaneeth
ഒരിക്കൽ ഞാനും ചങ്ങാതിയും കൂടി പ്രകൃതിഭംഗി ആസ്വദിക്കാൻ ഒരിടം വരെ പോയി. അവൻറെ സ്കൂട്ടറിലാണ് ഞങ്ങൾ പോയത്. കാഴ്ച്ചകളെല്ലാം കണ്ട് തിരിച്ച് വരും വഴി ഒരു പൂച്ചക്കുട്ടി ഞങ്ങളുടെ വണ്ടിക്കൊപ്പം കൂടി. കണ്ടാൽ ആർക്കും ഒന്ന് എടുത്ത് താലോലിക്കാൻ തൊന്നും വിധം മനോഹരമാണത്. ഞങ്ങൾ പക്ഷേ വണ്ടി നിർത്തിയതൊന്നുമില്ല. കുറച്ചു ദൂരം മുന്നോട്ട് പോന്നു. പൂച്ചകുട്ടി പിന്നാലെ തന്നെയുണ്ട്. അത് വല്ലാതെ തളർന്നിരിക്കുന്നു. അസാധാരണമായ അതിൻറെ കിതപ്പ് എന്ന് പരിഭ്രമിപ്പിച്ചു. ഞാനതിനെ കയ്യിലെടുത്തു യാത്ര തുടർന്നു. നാട്ടിലെത്തിയതും പൂച്ചക്കുട്ടി വല്ലാതെ വെപ്രാളം കാണിക്കാൻ തുടങ്ങി. ശാന്തമാവാൻ വേണ്ടി ഞാനതിനെ നിലത്ത് വെച്ചു. വെച്ച പാടെ അത് തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്കോടി. അവിടെ നിന്ന് ഒരു പ്രത്യേക ശബ്ദം കേട്ട് ഞങ്ങൾ ഓടിച്ചെന്നു. വലിയൊരു പാമ്പിൻറെ കടിയേറ്റ് പൂച്ച കുട്ടി ചത്തു കിടക്കുന്നു. പാമ്പ് ഞങ്ങളുടെ മുന്നിലൂടെ സാവധാനം ഇഴഞ്ഞ് നീങ്ങി.