അവളുടെ കറുത്ത ചിറകുകൾ

Date: 9/29/2019

By navaneeth

എൻറെ ഏറ്റവും അടുത്ത രണ്ടു പേർ, അതൊരു ആൺകുട്ടിയും പെൺകുട്ടിയുമാണ്. ഏതോ ക്രിമിനൽ കുറ്റം ചെയ്തിരിക്കുന്നു. എന്താണെന്ന കാര്യം വ്യക്തമല്ല. എങ്കിലും പോലീസ് അവരെ തുടരെ തുടരെ ഓടിക്കുന്നുണ്ട്. അവരെ പോലീസുകാർ ഒരു പാലത്തിൽ വെച്ച് വളയും. ചുറ്റും സർവ്വ സന്നാഹങ്ങളുമായി പോലീസ്. പിടിക്കപ്പെടുമെന്നാവുമ്പൊ അവർ കുത്തിയൊഴുകുന്ന് പുഴയിലേക്കെടുത്ത് ചാടുന്നു. അസാധാരണ വേഗത്തിൽ ഒഴുകുന്ന പുഴയിലേക്കെടുത്തു ചാടിയാൽ പിന്നെ പൊടി പോലും തിരിച്ച് കിട്ടില്ലെന്നറിയാം. എല്ലാവരും നിരാശയിലാണ്ടു. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. അവരെ രണ്ടു പേരെയും ആളുകൾ വീണ്ടും പാലത്തിൽ വെച്ച് കണ്ടു. പോലീസ് വീണ്ടും പറന്നെത്തി. അവർ വീണ്ടും കുത്തിയൊഴുകുന്ന പുഴയിലേക്കെടുത്ത് ചാടി ഒഴുകിപ്പോയി. ഈ സംഭവം ഒന്ന് രണ്ട് തവണ കൂടി ആവർത്തിച്ചു. എന്നാൽ മൂന്നാം തവണ ഇതെല്ലാം കണ്ടു നിന്ന ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു. പെൺകുട്ടിയുടെ പുറത്ത് വലിയ കറുത്ത ചിറകുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. നട്ടെല്ല് പുറത്തേക്ക് തുറിച്ച് കൂർത്തിരിക്കുന്നു. അവളുടെ ശരീരം കറുത്തിരുണ്ടു വരുന്നതായി എനിക്ക് തോന്നി. അവൾ എന്തോ ഒരു ഭീകര സത്വമായി മാറിയിരിക്കുന്നു. സംഭവങ്ങളുടെ തുടക്കമെന്നോണം ഇതിൻറെ മാറ്റങ്ങൾ നേരത്തെ തന്നെ അവളിൽ കണ്ടു തുടങ്ങിയിരുന്നതായി ഞാൻ കണക്കു കൂട്ടി. അവൾ കറുത്ത വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കും വേണ്ടി വാശി പിടിച്ചതും, സ്വഭാവം മാറിയിരുന്നതുമെല്ലാം ഞാനവളുടെ അച്ഛനുമായി സംസാരിച്ചപ്പോൾ വ്യക്തമായി.