Date: 9/22/2019
By navaneeth
പഴയതും ഒരു ഇല്ലത്തിനോട് സാമ്യം തോന്നിപ്പിക്കുന്നതുമാണ് എൻറെ വീട്. പകലെന്നോ രാത്രിയെന്നോ വെത്യാസമില്ലാതെ ഉള്ളിൽ സദാ അരണ്ട വെളിച്ചമാണ്. അമ്മയെയും അച്ഛനെയും കൂടാതെ ഒരു ബന്ധുവായ സ്ത്രീയും ഞങ്ങളോടൊപ്പം താമസിച്ച് പോരുന്നു. എന്നാൽ ഒരു ദിവസം വീട്ടിൽ പല അനർത്ഥങ്ങളും സംഭവിച്ചു. മറ്റാരും അതത്ര കാര്യമായെടുത്തില്ല. പക്ഷേ എൻറെ ഉള്ളിലെ ഭയം നാൾക്കു നാൾ വർദ്ധിച്ചു കൊണ്ടേയിരുന്നു. ആരോ നിർദ്ദേശിച്ചതിൻ പ്രകാരം ഒരു ഭട്ടത്തിരിപ്പാട് വീട്ടിലെത്തി അനർത്ഥങ്ങളുടെ ഉറവിടം അന്വേഷിക്കാൻ തുടങ്ങി. പ്രഗദ്ഭനും കഴിവുറ്റവനുമായ ഭട്ടത്തിരിപ്പാടിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു. വീടിനുള്ളിൽ സ്വൽപം കറങ്ങിയതിനു ശേഷം അദ്ദേഹം ദൃതിയിൽ പുറത്തേക്കിറങ്ങിപ്പോയി. ക്ഷണ നേരം കൊണ്ടു തന്നെ വിയർത്ത് കുളിച്ച് പരവശനായി കയറി വന്ന് വീടിനുള്ളിൽ കാര്യമായൊന്നും കണ്ടെത്താനായില്ല മറ്റൊരു ദിവസം വരാമെന്ന് പറഞ്ഞ് അദ്ദേഹം ഇറങ്ങിപ്പോയി. പെട്ടന്ന് അച്ഛൻ വീട്ടിലേക്ക് കയറി വന്നു. മദ്യപിച്ച് ആടിയാടി അച്ഛൻ വീട്ടിലേക്ക് കയറിയ പാടെ ഞാൻ വാതിലടച്ചു. അച്ഛനെ തടഞ്ഞു നിർത്തി വീട്ടിൽ അനർത്ഥങ്ങളുണ്ടെന്ന് പറഞ്ഞു. എന്നെ കുതറിമാറ്റി അതിപ്പൊഴാണൊ നീ അറിയുന്നതെന്ന് പരിഹസിച്ചു കൊണ്ട് ബാത്തറൂമിലേക്ക് കയറിപ്പോയി. പെട്ടന്ന് വാതിലിൽ ഒരു തട്ടു കേട്ടു. കതകിൻറെ മുകളിലുള്ള വിടവിലൂടെ ആളെ ഞാനെത്തി നോക്കി. നോക്കുമ്പൊ ആ ബന്ധുവായ സ്ത്രീയാണ്. ഈ രാത്രിയിൽ അവരെന്തിനാണ് പുറത്ത് പോയത്.? ഭട്ടത്തിരിപ്പാട് വന്നതിനു ശേഷമാണ് അവരെ കാണാതായത്. ഞാൻ സംശയിച്ചു നിന്നു. വാതിലിൻറെ വിടവിലൂടെ ഞാൻ എത്തി നോക്കുന്നത് ആ സ്ത്രീ കണ്ടു. ദേഷ്യത്തോടെ വാതിൽ തുറക്കാനായി ആവശ്യപ്പെട്ടു. അവരുടെ മുഖത്ത് ഇതു വരെ കണ്ടിട്ടില്ലാത്ത ആ ഭാവം എന്നെ ഒരുപോലെ അതിശയിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തു. എൻറെ അലസതയിൽ അവർ ആകെ അസ്വസ്ഥയായി വാതിലിൽ പിടിച്ച് തള്ളാൻ തുടങ്ങി. പെട്ടന്നാണ് അതെൻറെ കണ്ണിൽ പെട്ടത്. അവ്യക്തമായ ഒരു സ്ത്രീരൂപം അവരെ ചാരി നിൽക്കുന്നു. വീട്ടിനുള്ളിൽ ഭട്ടത്തിരിപ്പാടിനൊന്നും കാണാനാവത്തതിനുള്ള കാരണം അപ്പൊഴാണ് എനിക്ക് പിടി കിട്ടിയത്. വാതിലിൻറെ വിടവിലൂടെ മുഷ്ടി ചുരുട്ടി ഞാനവരുടെ മുഖത്ത് ഇടിക്കാൻ ശ്രമിക്കുന്നതിനിടയിൽ വാതിലിൻറെ മുകളിലുള്ള കുറ്റി പൊട്ടി വീണു. ഞാൻ പിന്നോട്ട് ചാടി. പ്രേതം വീണ്ടും വീട്ടിനുള്ളിൽ കയറുമല്ലോ എന്ന വേദനയിൽ കണ്ണുകളിറുക്കിയടച്ചു. പേടിച്ച് പേടിച്ചാണ് പിന്നെ കണ്ണ് തുറന്നത്. ഞാൻ മുറിയിൽ തന്നെയുണ്ട്.😂